Thursday, October 10, 2024

റബീയിലെ ഒരു സ്നേഹ യാത്ര.....

 "ആരോ നമ്മളെ ഫോളോ ചെയ്യുന്നുണ്ട് " 


എന്ന എന്റെ സംസാരം കേട്ടാണ് ഇസ്മായിൽ സാഹിബ്‌ വണ്ടി സൈഡ് ആക്കിയത്.  


"എന്താ നിങ്ങൾ ഈ സമയത്ത് ഇവിടെ? എന്തെങ്കിലും സഹായം വേണോ?  "  


ഞങ്ങളുടെ വണ്ടിയോട് ചേർത്ത് വണ്ടി നിർത്തിയിട്ട് പരുക്കൻ ശബ്ദത്തിൽ പിന്നിൽ വന്നയാൾ  ചോദിച്ചു.... 

അയാളുടേത് ഒരു പഴയ ലാൻഡ് ക്രൂയ്സർ ആണ്. പൊതുവെ ബദവികളായ അറബികൾ ഉപയോഗിക്കുന്ന വണ്ടികളുടെ ഒരു പരുക്കൻ പ്രകൃതം അതിനുമുണ്ടായിരുന്നു.


"ഞങ്ങൾ യാത്രക്കാരാണ്, തായിഫിലേക്ക് പോകുന്ന വഴിയാണ്, അതിനിടയിൽ ബനി സഅദി വഴി പോകാമെന്നു കരുതി ഇതിലെ വന്നതാണ് "  


അദ്ദേഹത്തിന് മനസ്സിലാവുന്ന രീതിയിൽ ഇസ്മായിൽ ഏലിയാറ്റ് മറുപടി കൊടുത്തു,....


മറുപടി ലഭിച്ചെങ്കിലും അയാൾ പൂർണമായി തൃപ്തനായിരുന്നില്ല, സമയം ഏതാണ്ട് രാത്രി ഒരു മണി ആയിരുന്നു ഇങ്ങനെയൊരു സമയത്ത് തായിഫിലേക്ക് പോകുന്ന സംഘം ഇതിലൂടെ വരണ്ട ആവശ്യമില്ലലോ.. നേരിട്ട് എക്സ്പ്രസ്സ്‌ ഇണ്ടാവുമ്പോ അതിൽ നിന്നും തിരിഞ്ഞു പത്തു മുപ്പതു കിലോമീറ്റർ ഉള്ളിലേക്ക് കയറി ഈ ഗ്രാമീണ മേഖലയിലൂടെ പോണ്ട കാര്യമെന്താണ് എന്നൊക്കെയാവും അദ്ദേഹം ചിന്തിച്ചിരിക്കുക, 


അല്ലെങ്കിൽ ബദവിയാണ്, നമ്മളുദ്ദേശിക്കുന്നതാവില്ല ചിലപ്പോൾ അദ്ദേഹം ഉദ്ദേശിച്ചു കാണുക സഹായം എന്തെങ്കിലും വേണോന്നറിയാനാവാനും സാധ്യതയുണ്ട്.  വന്യജീവികളെയും നാട്ടുമനുഷ്യരെയും  പേടിക്കാത്ത ബദവികളെന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്.


എന്തായാലും അയാൾ ഭയന്നില്ലെങ്കിലും ഞങ്ങൾ കൊറച്ചു ഭയന്നു. പൊതുവെ ഗ്രാമീണരായ ബദവികളെ പറ്റി അറേബ്യൻ നഗരങ്ങളിൽ പറഞ്ഞു കേൾക്കുന്ന കഥകൾ അങ്ങനത്തെയാണ്. 


അയാളിനി സഅദി ഗോത്രക്കാരനാവുമോ....  ആയിരുന്നെങ്കിൽ എത്ര സുന്ദരമായേനെ, സത്യത്തിൽ ആ സമയത്തും അത് വഴി ഞങ്ങൾ വരാൻ കാരണം ബനി സഅദികളുടെ ഗ്രാമം കാണാനായിരുന്നു.


സഅദി എന്ന നാമം പ്രണയാതുരമാണ്, റബീഇലെ പതിനഞ്ചാം രാവിന്റെ വെളിച്ചവും മരുഭൂമിയിലെ രാത്രിയുടെ നിഗൂഢതയുമൊക്കെയായി ബനി സഅദി ഉന്മാദം കൊള്ളിക്കുന്നു.


ഹലീമ എന്ന സഅദി ഗോത്രക്കാരി അവരുടെ ഗോത്രക്കാരുടെ കൂടെ മലയിറങ്ങി മക്കയിലേക്ക് പോവുകയാണ്. 

മക്ക, മരുപ്പറമ്പുകളിൽ കൂട്ടം കൂട്ടമായി ജീവിക്കുന്ന അറബികളുടെയും സിറിയയിലേക്ക് പോകുന്ന പേർഷ്യൻ കച്ചവടക്കാരുടെയും തിരിച്ചു പേർഷ്യയിലേക്ക് പോവുന്ന റോമൻ കച്ചവടക്കാരുടെയും കച്ചവട കേന്ദ്രം. നാഗരികത എന്താണെന്ന് ചോദിച്ചാൽ ബദവികൾക് ഇബ്രാഹിമും മകൻ ഇസ്മായിലും തറക്കല്ലിട്ട ആ പട്ടണത്തിന്റെ പേര് മാത്രം പറയാനുള്ള കാലം.


പക്ഷെ ഹലീമയുടെ ലക്ഷ്യം കച്ചവടമായിരുന്നില്ല, പകരം മക്കയിലെ ഖുറൈശി ഗോത്രങ്ങളിലെ സമ്പന്നർക്ക്  മക്കളെ മുലയൂട്ടി വളർത്താനും നല്ല മായം കലരാത്ത അറബി ഭാഷ പഠിപ്പിക്കാനും ശുദ്ധമായ ഗ്രാമീണ വായു ശ്വസിച്ചു വളർത്താനും സഅദി കുലത്തിലെ സ്ത്രീകളെ ഏല്പിക്കുന്ന പതിവുണ്ട്, സഅദികൾക്ക് അതൊരു വരുമാന മാർഗവുമാണ്, അങ്ങനെയുള്ള കുട്ടികളെ ഏറ്റെടുക്കാൻ പോവുന്ന സംഘത്തിന്റെ കൂടെയാണ്  തന്റെ വയസ്സൻ ഒട്ടകപ്പുറത് ഹലീമയും പോവുന്നത് . 


ജീവിതം കരുപ്പിടിപ്പിക്കാൻ...... 

മക്കയിലെ പ്രമാണിമാർ തരുന്ന പാരിതോഷികവും പ്രതീക്ഷിച്.......... 


എല്ലാവരെയും പോലെ ഹലീമയും കരുതി കാണില്ലേ തന്റെ യാത്രക്ക് ഒരു അർത്ഥമുണ്ടാവണമെന്ന്. 

മ്മ്.....  

സത്യത്തിൽ ആ അർത്ഥമല്ലേ ആയിരത്തി നാനൂറ് വർഷം കഴിഞ്ഞിട്ടും ഹലീമയുടെ നാട് കാണാൻ ഈ രാത്രിയിൽ ഇത്രയും ബുദ്ധിമുട്ട് സഹിച്ചു ഞങ്ങളെ ഇവിടെ എത്തിച്ചത്.....


ആ യാത്രയിൽ ഹലീമ കരുതിക്കാണുമോ ആയിരം വർഷങ്ങൾ കഴിഞ്ഞാലും താൻ താമസിച്ച വീട് കാണാൻ ഈ യാത്ര കാരണം ആളുകൾ വരുമെന്ന്. ഭൂഖണ്ഡങ്ങളിലെ കാമുകന്മാർ സമുദ്രങ്ങൾക്കപ്പുറമിരുന്ന് തന്റെ പേരിൽ കവിതകളെഴുതുമെന്ന്, റാബിയയും റുമിയും ഖയ്യാമും ടോൾസ്റ്റോയിയും ഇക്ബാലും തന്റെ വീട്ടിൽ ഒരിത്തിരി നേരം ഇരിക്കാൻ ആഗ്രഹിക്കുമെന്ന്......


ബദവിയായ സഹോദരനോട് വഴി ചോദിച്ചു മനസ്സിലാക്കി ഞങ്ങൾ ഹലീമയുടെ വീടുള്ള സ്ഥലം ലക്ഷ്യമാക്കി നീങ്ങി. വഴി കൂടുതൽ ഇടുങ്ങിയതായിക്കൊണ്ടിരുന്നു.ദുർഘടം പിടിച്ച വഴിയോ മറ്റു പ്രതിസന്ധികളോ ഞങ്ങളെ ലക്ഷ്യത്തിൽ നിന്നും അകറ്റിയില്ല, കാരണം ഈ ലക്ഷ്യത്തിന്റെ കാരണം പ്രണയമായിരുന്നു,.....  പ്രണയത്തിനു പേടിയുടെയും പ്രതിസന്ധിയുടെയും ഭാഷ മനസ്സിലാവുന്ന കാലം എത്ര മോശമായിരിക്കും......


മുന്നോട്ടുള്ള യാത്രയിൽ ചെന്നായ ശല്യത്തെ പറ്റി ഇസ്മായിൽ സാഹിബ്‌ ഓര്മിപ്പിക്കുന്നുണ്ടായിരുന്നു, പക്ഷെ ഓർമകളുടെ മധുരവും കാഴ്ചകളുടെ നിഗൂഢതയും എന്നെ ആകെ ലഹരി പിടിപ്പിച്ചിരുന്നു.


ഹലീമ മക്കയിലെത്തിയത് ചിലപ്പോൾ അങ്ങനെയൊക്കെയാവും. മക്കയിൽ പക്ഷെ  ഹലീമക്ക് വിചാരിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്. മറ്റുള്ളവർക്കൊക്കെ സമ്പന്നരുടെ കുട്ടികളെ കിട്ടിയപ്പോൾ ഹലീമക്ക് ലഭിച്ചത് അബ്ദുൽ മുത്തലിബിന്റെ മരിച്ചു പോയ മകനായ അബ്ദുല്ലയുടെ കുട്ടിയേയാണ്........


"ഈ കുട്ടിയെ എടുത്തോ ചിലപ്പോൾ ദൈവം നമുക്ക് വേറേതെങ്കിലും വഴിക്ക് അനുഗ്രഹം തരും"

പ്രതീകഷിച്ച സമ്പത്തൊന്നും ലഭിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഹലീമയോട് ഭർത്താവ് പറഞ്ഞു.........  

ആ ബദവിയുടെ വാക്കുകൾ കാലം  കേൾക്കുന്നുണ്ടായിരുന്നു. 


മകൻ മരിച്ചെങ്കിലും ആ കുട്ടിയോട് അബ്ദുൽ മുത്തലിബിന് വലിയ വാത്സല്യമായിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകന്റെ മകനെ അത് കൊണ്ട് തന്നെയാവും അബ്ദുൽ മുത്തലിബ് ഏറ്റവും സ്തുത്യർഹൻ എന്ന അർത്ഥം വരുന്ന 'മുഹമ്മദ്‌' എന്ന് നാമകരണം ചെയ്തത്.


'മുഹമ്മദ്‌', ഹലീമക്ക് ലഭിച്ച കുട്ടിയുടെ പേര് അതായിരുന്നു. ഹലീമ അറിഞ്ഞിരുന്നോ ഈ കുട്ടിയുടെ നാമം അതായത് കൊണ്ട് മാത്രം  ഒരിക്കൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പേരാവും അതെന്ന്...... 

ഈ കുട്ടിയുടെ മഖാം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂല് തുർക്കി സുൽത്താൻമാർ കിരീടത്തിൽ ചൂടുമെന്നു.... 

ഇവിടന്നു കിട്ടുന്ന പ്രകാശത്തിൽ ഖാലിദ് ബിൻ വലീദ് റോമൻ കോട്ടകൾ തകർക്കുമെന്ന്.....

മരുഭൂ വാസികളായ ജനത ലോകം മുഴുവൻ പ്രകാശത്തിന്റെ ദൂതുമായി പോവുമെന്ന്......


റോഡ് അവസാനിക്കുന്നിടത് ഞങ്ങളുടെ വണ്ടി നിന്നു. പുറത്തേക്കിറങ്ങിയ എനിക്കും നിസാമിനും ഇസ്മായിൽ സാഹിബ്‌ കാട്ടിത്തന്നു, അതാണ്‌ ഹലീമയുടെ ഭവനം, അവിടെയായിരുന്നു ദൈവദൂതൻ കളിച്ചതും വളർന്നതും...... 

ഈ കുന്നിന്റെ മുകളിലേക്കായിരുന്നു  ആ കുട്ടി ഓടി കേറിയിരുന്നത്........ 

ഈ പാതയോരങ്ങളിലൂടെയായിരുന്നു ആ കുട്ടി ആടുകളെ മേച്ചു നടന്നിരുന്നത്.... 

ഇവിടെയൊക്കെ കളിച്ചു നടക്കുമ്പോൾ, ആടിനെ മേക്കുമ്പോൾ, ഭാഷ പഠിക്കുമ്പോൾ ആ കുട്ടിയുടെ പിന്നിൽ ഏൽപ്പിക്കപ്പെട്ട മഹാദൗത്യമുണ്ടായിരുന്നു. 


എന്തായിരിക്കും ഇന്നേ ദിവസം ചന്ദ്രൻ ഇത്ര പ്രകാശഭരിതമായിരിക്കുന്നത് എന്ന ചോദ്യത്തിന് പല മറുപടികളുമുണ്ടായിരിക്കും 

പക്ഷെ, എന്തിനായിരിക്കും ഇന്നേ ദിവസത്തെ  ചന്ദ്രന്റെ വെളിച്ചം എന്നതിന് എന്റെ പക്കൽ ഒറ്റ ഉത്തരമേയുള്ളൂ......


അൻത തത്ത്‌ ലഹു ബൈനനാ ഫിൽ കവാകിബി കൽ ബുദൂർ ബൽ വ അഷ്റഫു മിൻഹു യാ സയ്യിദീ ഖൈറന്നബി...... 


അങ്ങ് നക്ഷത്രങ്ങൾക്കിടയിലെ  പൂര്ണചന്ദ്രനെപോലെ  സുന്ദരനാണ് അല്ല അതിനേക്കാൾ സുന്ദരനാണ്   അല്ലയോ നേതാവായ പ്രവാചകരെ....


Written by Muhammad Ismail Ibraheem.


No comments:

Post a Comment

The efforts of Tabligh work without electricity.

 *The efforts of Tabligh work without electricity.* തബ്ലീഗ് പരിശ്രമം കരണ്ടില്ലാതെ വർക്കാവും. If the electricity of the world were to go off,...