എന്റെ മകൻ അവന്റെ പെൻസിൽ കൂടുതൽ കൂർപിച്ച് കൂർപ്പിച്ച് പൊട്ടിക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു, മകനേ ഈ പെൻസിൽ എഴുതാനുള്ളതാണ്، ഒരു പരിതിക്ക് അപ്പുറം ഒന്നിനെയും നീ കൂർപ്പിക്കരുത്. ഈ പെൻസിൽ നിനക്ക് നല്കപ്പെട്ടിട്ടുള്ളത് അത് ഉപയോഗിച്ചു നീ പഠിക്കുന്നതും പഠിച്ചതുമായ കര്യങ്ങളെല്ലാം പുസ്തകത്തിൽ എഴുതാനുള്ളതിനാണ്. അതേ പോലെ തന്നെ, നിന്റെ അകത്ത് നിന്റെ റബ്ബ് (അല്ലാഹു) നിനക്കായി നൽകിയ ചില കലകളും രചനകളും കഴിവുകളും ഉണ്ട്, അതെല്ലാം രേഖപ്പെടുത്താനുമാണ്. നല്ല കലകളും രചനകളും നിന്നെയും നിന്റെ ടീച്ചറെയും മറ്റുള്ളവരെയും സന്തോഷിപ്പിക്കും. നിനക്ക് സമ്മാനങ്ങൾ വരെ കിട്ടിയേക്കാം.
അള്ളാഹു അവന്റെ ദീൻ (ഇസ്‌ലാം മതം), അവന്റെ പ്രവാചകരിലൂടെ അവതരിപ്പിച്ചത് ജീവിതമാകുന്ന പുസ്തകം നല്ല രീതിയൽ എഴുതാനാണ്. ഭൂമിയിലെ ജീവിതം സന്തോഷവും, എളുപ്പവും, സുഖകരവുമാവാനാണ്. തെറ്റുകൾ ചെയ്യാത്ത മലക്കുകളിലോ, ബുദ്ധിയില്ലാത്ത മൃഗങ്ങളിലേക്കോ അല്ല അത് നൽകപ്പെട്ടത്. എല്ലാ ന്യൂനതകളും ബലഹീനതയുമുള്ള , തെറ്റുകൾ ചെയ്തു പോകുന്ന, അതേ സമയം വിവേകമുള്ള മനുഷ്യർക്ക് വേണ്ടിയാണ്. അത് കൊണ്ട് അതിനെ അത് ഉദ്ദേശിക്കുന്നതിൽ അപ്പുറം കൂടുതൽ കൂർപ്പിച്ചു ഭിന്നിക്കാനും, തർക്കിക്കാനും, പൊട്ടിക്കാനുമല്ല നൽകിയവൻ ഉദ്ദേശിക്കുന്നത്. ജീവിതമാകുന്ന പുസ്തകം നിന്റെ കഴിവിനകത്ത് നിന്ന് കൊണ്ട് എങ്ങനെ എഴുതണം എന്ന് അത് നിന്നോട് പറഞ്ഞു തരുന്നു. നിനക്ക് നിന്റെ റബ്ബ് (അള്ളാഹു) നൽകിയ കഴിവുകളും കലകളും, സാഹചര്യങ്ങളും അവന്റെ പ്രീതിയാൽ, അവന് നന്ദിയുള്ളവനായി നല്ലതിൽ നീ വിനിയോഗിക്കണം. നിനക്ക് എന്തെല്ലാം ഈ ഭൂമിയിലെ ജീവിതത്തിൽ നല്ല വരകൾ വരയ്ക്കാൻ പറ്റുമോ, അതൊക്കെ നീ അവന്റെ തൃപ്തിയിലായി, അവന് സമർപ്പിക്കാനായി വരക്കുക. ഓരൊ മനുഷ്യൻ്റെയും കർമങ്ങളാകുന്ന വരകൾ മാലാഖമാർ കുറിച്ച് വെക്കുന്നുണ്ട്. മായ്ക്കുന്ന റബ്ബറില്ലാത്ത പെൻസിൽ കൊണ്ടാണ് ജീവിത പുസ്തകം എഴുതുന്നത്. അത് കൊണ്ട്, തെറ്റുകൾ വരും. തെറ്റു പറ്റിയാൽ മാപ്പ് ചോദിച്ച് ജീവിതം മുന്നോട്ടു പോകുക. പടപ്പുകളോട് ചെയ്തതിനു അവരോടും, പടച്ചവനോട് ചെയ്തു പോയതിനു അവനോടും.
പിന്നെ ലോകരുടെ റബ്ബ് (അല്ലാഹു) ആരിൽ നിന്നും പെർഫെക്ഷൻ-പരിപൂർണ്ണത ആവശ്യപ്പെടുന്നില്ല. പരിപൂർണ്ണത ഒന്നിനും തേടേണ്ട, الكمالية لله പരിപൂര്ണത അല്ലാഹുവിനു മാത്രമാണ്. മറിച്ച് ന്യൂനതകൾ അവനുള്ളതല്ല (سبحان الله), അത് സൃഷ്ടികൾക്ക് ഉള്ളതാണ്. നിന്റെ ജീവിത മത്സരം യഥാർത്ഥത്തിൽ നീയും നിനക്ക് നൽകിയതും നിൻ്റെ സമയവുമായാണ്. ജീവിതം എന്നത് നീ നിന്നോട് തന്നെ ഉള്ള മത്സരമാണ്, വേറെ ആരുമായി അല്ല. അവനവന്റെ പ്രവർത്തികളെ ആരാണ് ഏറ്റവും നന്നാക്കുന്നത് എന്നതാണ് ജീവിത പരീക്ഷ. എല്ലാവരും ഒരുപോലെ ആകണം എന്നത് മനുഷ്യനെ സൃഷ്ടിച്ചവന്റെ നിയമത്തിലുള്ളതല്ല. ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും കഴിഞ്ഞു പോയതിൽ നിന്നും മെച്ചപ്പെട്ടവനാകുക.
മുഴുവൻ മനുഷ്യരാശിയെയും അള്ളാഹു ഒരുമിച്ചു കൂട്ടുന്ന നാളിൽ, ആദാമിനെയും അവന്റെ മക്കളെയും (മനുഷ്യ കുടുംബത്തെ) ഒരേ മൈതാനത്തു ഹാജരാക്കപ്പെടുന്ന, ഉയിർത്തെഴുന്നേൽപ്പ് നാളിൽ. അന്ന് കർമങ്ങൾ നന്നാക്കി ജീവിത പുസ്തകത്തെ നല്ല രീതിയിൽ എഴുതിയവനെ പടച്ചവൻ തൃപ്തിപ്പെടുകയും മഹത്തായ പ്രതിഫലവും നൽകപ്പെടും. അവൻ കാല കാല സ്വർഗീയ വിജിയിയാകും. ദുഷ്കര്മങ്ങളാൽ തന്റെ ഏടുകൾ നിറച്ചവൻ മഹാ നഷ്ടത്തിലാകും നരകത്തിൽ. അത് കൊണ്ട്, ആ ഒരു വിജയത്തിനായി നീ നിന്റെ ജീവിത പുസ്തകം അവൻ തന്ന പേന (ദീൻ) ഉപയോകിച് എഴുതുന്നതെല്ലാം എഴുതുക. ഇവിടെയും വിജയിക്കും, അവിടെയും വിജയിക്കും.
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا
നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, (അങ്ങനെ) പ്രവര്‍ത്തനം നന്നാക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കുന്നതല്ലതന്നെ. (അല്‍ കഹ്ഫ് - 18:30)
ٱلَّذِى خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلًاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (Al-Mulk 67:2)
പ്രവര്‍ത്തനം നന്നാക്കുന്നവൻ أَحۡسَنُ عَمَلً - Better എന്നാണ് പറഞ്ഞത്
വലിയ പ്രവർത്തികൾ اكبر عَمَلً- എന്ന് പറഞ്ഞില്ല
പരിപൂര്ണമായ പ്രവർത്തി اكمل عَمَلً-എന്ന് പറഞ്ഞില്ല
കൂടുതൽ പ്രവർത്തി اكثر عَمَلً എന്ന് പറഞ്ഞില്ല.
ശ്രേഷ്ഠമായ പ്രവർത്തി آفضل عملا - എന്ന് പറഞ്ഞില്ല
അഹ്സനായ അമലുകൾ അക്സറായി ചെയ്യുക - തൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പടുത്തി കൂടുതലായി ചെയ്യുക എന്നതാണ്. الله اعلم
Ismail Eliat
𝘗𝘩𝘰𝘵𝘰: 𝘈𝘯 𝘈𝘳𝘢𝘣𝘪𝘤 𝘤𝘢𝘭𝘪𝘨𝘳𝘢𝘱𝘩𝘺 of 𝘘𝘶𝘳𝘢𝘯𝘪𝘤 𝘈𝘺𝘢𝘩 𝘣𝘺 𝘮𝘺 child ما شاء الله 𝘸𝘩𝘪𝘤𝘩 𝘳𝘦𝘢𝘥𝘴.
'وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ- 𝘞𝘩𝘢𝘵𝘦𝘷𝘦𝘳 𝘣𝘭𝘦𝘴𝘴𝘪𝘯𝘨𝘴 𝘺𝘰𝘶 𝘩𝘢𝘷𝘦 𝘪𝘴 𝘧𝘳𝘰𝘮 𝘈𝘭𝘭𝘢𝘩' (𝘘𝘶𝘳𝘢𝘯:16:53)'
No comments:
Post a Comment